മധുരക്കിനാവിലെ നായകന്‍ (Rahman interview - Vanitha Magazine)


രഞ്ജിത് നായര്‍

ഒരു മധുരക്കിനാവു പോലെയായിരുന്നു ആ കാലം.... മീശമുളച്ചുവരുന്ന പ്രായത്തില്‍ റഷിന്‍ റഹ്മാന്‍ എന്ന കൌമാരക്കാരനെ പത്മരാജന്‍ റഹ്മാനാക്കി. ഹിന്ദി സിനിമയില്‍ മാത്രം കണ്ടിട്ടുള്ള യുവകോമളനായ നായകനെ മലയാളികള്‍ ആദ്യം കാണുന്നത് റഹ്മാനിലൂടെയാണ്.

നൃത്തം ചെയ്യാനറിയുന്ന ചുറുചുറുക്കുള്ള നായകന്‍... കൊച്ചിയിലെ സീലോര്‍ഡ് ഹോട്ടലിലെ റഹ്മാന്റെ മുറിയില്‍ എത്രയോ കഥ പറച്ചിലുകാര്‍... അവയില്‍ പലതും മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളായി. റഹ്മാന്റെ ഡേറ്റ് കിട്ടാത്തവര്‍ അതേ ഛായയുള്ള പയ്യന്‍മാരെ കണ്ടെത്തി സിനിമ ചെയ്തു. അവരൊന്നും പക്ഷേ, റഹ്മാനായില്ല.

കൌമാരം പോലെ ആ നല്ല നാളുകളും പെട്ടെന്നു കടന്നുപോയി. റഹ്മാനു മീശവന്നു. മുഖത്തെ കുസൃതി മാഞ്ഞു. തമിഴ് സിനിമ റഹ്മാനെ വിളിച്ചിറക്കിക്കൊണ്ടുപോയി. വല്ലപ്പോഴും വന്നുപോവുന്ന ഒരു മറുനാടന്‍ മലയാളിയെപ്പോലെയായി റഹ്മാനോടുള്ള ഇഷ്ടം തെല്ലും കുറഞ്ഞിരുന്നില്ല. ഓര്‍ക്കൂട്ടില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു മത്സരത്തില്‍ കണ്ടെത്തിയത് മലയാളികള്‍ ഉപയോഗിക്കാതെ വിട്ട നടന്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം റഹ്മാനാണെന്നാണ്.

മലയാളത്തില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് റഹ്മാന്‍. ട്രാഫിക്കില്‍ നല്ല വേഷം. മുസാഫിറില്‍ നായകനും. ഒരുപാടു സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുന്നു.

ചെന്നൈയിലെ അണ്ണാനഗറിലുള്ള പുതിയ ഫ്ളാറ്റില്‍ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയിലായിരുന്നു റഹ്മാന്‍. ചെറുതായി നരച്ചു തുടങ്ങിയ താടി തടവുന്നു മലയാളത്തിന്റെ ആദ്യ ടീനേജ് നായകന്‍. താടി നരച്ചു തുടങ്ങി. അതൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. 26 വര്‍ഷമായി സിനിമയില്‍ നില്‍ക്കുകയല്ലേ? എന്റെ പ്രായം എത്രയാണെന്ന് എല്ലാവര്‍ക്കുമറിയാം. കഥാപാത്രത്തിനു വേണ്ടി വേഷം കെട്ടിയാല്‍ മതിയല്ലോ? റഹ്മാന്‍ പുഞ്ചിരിച്ചു.

ഏറ്റവുമധികം ആരാധികമാരുള്ള നടനായിരുന്നു റഹ്മാന്‍. അവരൊക്കെ ഇപ്പോഴും വിളിക്കാറുണ്ടോ?

ഒരുപാടു പേര്‍ വിളിക്കാറുണ്ട്. വലിയ മകളും മകനുമൊക്കെയുള്ള ഒരു സ്ത്രീയുണ്ട്. പലതവണ അവര്‍ കാണണമെന്നു പറഞ്ഞു. പക്ഷേ, ഒരിക്കലും ആ കണ്ടുമുണ്ടല്‍ നടന്നില്ല. രണ്ടു മാസം മുമ്പ് അവര്‍ താമസിക്കുന്ന നഗരത്തില്‍വച്ച് അവര്‍ എന്നെ കാണാന്‍ വന്നു. ഒപ്പം മകളുമുണ്ടായിരുന്നു. രണ്ടുപേരെയും കണ്ടാല്‍ ചേച്ചിയും അനിയത്തിയേയും പോലെയേ തോന്നൂ. എന്നെക്കണ്ടപ്പോള്‍ അവര്‍ക്കൊന്നും മിണ്ടാന്‍ പറ്റുന്നില്ല. മകളാണു സംസാരിച്ചതത്രയും. 26 വര്‍ഷമായി അമ്മയുടെ ആഗ്രഹമാണ് റഹ്മാനെ കാണുക എന്ന് അവര്‍ പറഞ്ഞു. അവര്‍ യാത്ര പറഞ്ഞുപോയി. അല്‍പം കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചുവന്നു. കൈയില്‍ ഒരു സമ്മാനമുണ്ട്. ഞാന്‍ തുറന്നു നോക്കിയപ്പോള്‍ ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള സമ്മാനങ്ങള്‍.....

മൂത്തമകള്‍ക്കു റുഷ്ദ എന്നു പേരിട്ടത് ഒരു ആരാധികയുടെ പേരില്‍ നിന്നാണെന്നു കേട്ടിട്ടുണ്ട്?

എന്റെ ഏറ്റവും വലിയ ആരാധികയായിരുന്നു ശ്രീലങ്കക്കാരി റുഷ്ദ. അവളുടെ മുറി മുഴുവന്‍ എന്റെ ചിത്രങ്ങളാണ്. ഞാന്‍ നിര്‍ബന്ധിച്ചിട്ടാണു റുഷ്ദ വിവാഹം കഴിച്ചതു പോലും. എന്റെ യഥാര്‍ഥ പേര് റഷിന്‍ എന്നാണ്. റുഷ്ദ മകനു റഷീന്‍ എന്നു പേരിട്ടു. ഞാന്‍ മകള്‍ക്കു റുഷ്ദ എന്നും. അവര്‍ ഇപ്പോള്‍ ദുബായിലാണ്. ഞങ്ങള്‍ ഇപ്പോഴും കുടുംബസുഹൃത്തുക്കളാണ്.

ശോഭന, രോഹിണി, സിത്താര, അമല... റഹ്മാനെയും ഈ നായികമാരെയും ചേര്‍ത്ത് ഒരുപാടു
ഗോസിപ്പുകളുണ്ടായിട്ടുണ്ട്. അതിലേതാണ് സത്യം?

അമലയുമായിട്ടാണ് അങ്ങനെയൊരു അടുപ്പമുണ്ടായിരുന്നത്. എന്റെ രണ്ടാമത്തെ തമിഴ്സിനിമയിലെ നായികയായിരുന്നു അമല. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടമായിരുന്നു. അമലയെ വിവാഹം കഴിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, അതു നടന്നില്ല. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം അമല എന്നെ വിളിച്ചിരുന്നു. തിരുപ്പതിയിലേക്കു പോവുകയായിരുന്നു അമല. ഹജിനു പോവും മുമ്പു പഴയ കടങ്ങളൊക്കെ വീട്ടണം. ക്ഷമ പറയാനുള്ളവരോടു ക്ഷമ പറയണം എന്നൊക്കെയുണ്ട്. അതുപോലൊരു കോളായിരുന്നു അത്.

അമലയുമായി പിരിയാന്‍ കാരണമെന്തായിരുന്നു?

പല കാരണങ്ങളുണ്ടായിരുന്നു. അവയിലൊന്ന് അമല പെട്ടെന്നു വെജിറ്റേറിയനായി. മൃഗങ്ങളെ സ്നേഹിക്കാനും മൃഗങ്ങളെ വളര്‍ത്താനുമൊക്കെ തുടങ്ങി. ഞാനും അനിമല്‍ ലവറൊക്കെയാണ്. പക്ഷേ, നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടമുള്ളയാളുമാണ്. അമല എന്നെയും വെജിറ്റേറിയനാക്കാന്‍ നോക്കി. വേറെയും കാരണങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ സ്നേഹത്തില്‍ തന്നെയാണ് പിരിഞ്ഞത്.

ഭാര്യ ഇതൊക്കെ കേട്ടാല്‍ പ്രശ്നമാവില്ലേ?

മെഹ്റൂന് അറിയാത്ത രഹസ്യങ്ങളൊന്നുമില്ല എനിക്ക്. ജീവിതത്തിന് അടുക്കും ചിട്ടയുമുണ്ടായത് മെഹ്റു എന്റെ ജീവിതത്തിലേക്കു കടന്നുവന്ന ശേഷമാണ്. മെഹ്റുവിലൂടെയാണ് ഞാന്‍ ദൈവത്തെപോലും അടുത്തറിയുന്നത്. ചിലപ്പോള്‍ ഞാന്‍ പറയാറുണ്ട്. മെഹ്റൂന് കുറേക്കൂടി നല്ല ഒരു ഭര്‍ത്താവിനെ കിട്ടേണ്ടതായിരുന്നുവെന്ന്. പണ്ട് എന്റെ ചെറുപ്പകാലത്തു കൂട്ടുകാര്‍ പറയുമായിരുന്നു. നീ കുറേ ചെത്തി നടക്കുന്നതല്ലേ, കല്യാണം കഴിഞ്ഞ് അനുഭവിച്ചോളുമെടാ എന്ന്. പക്ഷേ, അവരുടെ പ്രവചനം തെറ്റി. ഊട്ടിയിലെ ബോര്‍ഡിങ് സ്കൂളില്‍ പഠിച്ച ഞാന്‍ കുടുംബത്തിന്റെ സ്നേഹം അറിയുന്നത് മെഹ്റു ജീവിതത്തിലേക്കു വന്നതോടെയാണ്.

ബോര്‍ഡിങ്ങില്‍ പഠിച്ചതിന്റെ പ്രയാസങ്ങള്‍ അനുഭവിച്ചതുകൊണ്ടാണോ മക്കളെ അവിടെ ചേര്‍ക്കാത്തത്?

ബോര്‍ഡിങ് സ്കൂള്‍ മോശമാണ് എന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്റെ പല കൂട്ടുകാര്‍ക്കും 20 വയസുള്ളപ്പോള്‍ തുണി അലക്കാന്‍ പോലും അറിയില്ലായിരുന്നു. പക്ഷേ, എനിക്കപ്പോള്‍ സ്വന്തമായി ഭക്ഷണം ഉണ്ടാക്കാന്‍ വരെ അറിയാമായിരുന്നു. ബോര്‍ഡിങ് സ്കൂളാണ് എന്നെ ഒറ്റയ്ക്കു നില്‍ക്കാന്‍ പ്രാപ്തനാക്കിയത്. പക്ഷേ, അതിന്റെ കുഴപ്പങ്ങളുമുണ്ട്. കുടുംബം വല്ലാതെ മിസ് ചെയ്യും. നമ്മുടെ സംസ്ക്കാരം മിസ് ചെയ്യും. ഓണം ഒന്നും ഞാന്‍ അറിഞ്ഞിട്ടേയില്ല സ്കൂളില്‍ പഠിക്കുമ്പോള്‍. ഇപ്പോള്‍ അഭിമുഖത്തില്‍ പലരും ചോദിക്കും മറക്കാനാവാത്ത ഓണത്തെക്കുറിച്ചൊക്കെ. എനിക്കൊന്നും പറയാനില്ല.

മക്കളുമായി റഹ്മാന്റെ നാടായ നിലമ്പൂരിലേക്കു പോവാറുണ്ടോ ഇടയ്ക്ക്?

വര്‍ഷത്തിലൊരിക്കലെങ്കിലും പോവും. നിലമ്പൂരിനടുത്ത് ചന്തക്കുന്ന് എന്ന സ്ഥലത്താണു നാട്. അച്ഛനും അമ്മയും അവിടെയാണ്. ഇവര്‍ക്കെല്ലാം അവിടെപ്പോകാന്‍ ഒരുപാട് ഇഷ്ടമാണ്. പ്രത്യേകിച്ചും മഴക്കാലത്ത്. ഒറ്റപ്രശ്നമേയുള്ളൂ, കേരളത്തിലെ കറന്റ് പോക്ക്.

റഹ്മാന്‍ എന്ന അച്ഛന് മക്കളെയോര്‍ത്ത് എന്തെല്ലാം ഉത്കണ്ഠകളാണ്?

കഴിഞ്ഞ വര്‍ഷം വരെ ടെന്‍ഷനില്ലായിരുന്നു. റുഷ്ദ പത്തിലെത്തിയപ്പോള്‍ ടെന്‍ഷന്‍ തുടങ്ങി. കുറച്ചുകാലത്തിനുള്ളില്‍ അവളെ കല്യാണം കഴിച്ചയക്കണം. അതും രണ്ടു പെണ്‍മക്കളാണ്. ഞാന്‍
അവരുമായി വളരെ അറ്റാച്ച്ഡാണ്.

മക്കളുടെ കാര്യങ്ങളില്‍ ഏറ്റവും നെഗറ്റീവായി ചിന്തിക്കാറുണ്ട്. ഒരു ദിവസം ഞാന്‍ എയര്‍പോര്‍ട്ടിലേക്കു പോവുമ്പോള്‍ മക്കള്‍ എന്നെ ബാല്‍ക്കണിയില്‍ നിന്ന് യാത്രയാക്കി. ഞങ്ങള്‍ ഈ ഫ്ളാറ്റിലേക്കു വരും മുമ്പ് ഒരു വീട്ടിലായിരുന്നു. കാര്‍ നീങ്ങിയപ്പോള്‍ മുതല്‍ എന്റെ ടെന്‍ഷന്‍ മക്കള്‍ അവിടെ നിന്നു വീഴുമോ എന്നായിരുന്നു. ഞാന്‍ മെഹ്റുവിന്റെയും മൂത്തമോളുടെയും ഫോണിലേക്കു മാറിമാറി വിളിച്ചു. എടുക്കുന്നില്ല. അതോടെ ടെന്‍ഷന്‍ കൂടി. തിരിച്ചു വീട്ടിലേക്കു പോയാലോ എന്നാലോചിച്ചു. പക്ഷേ, ഫ്ളൈറ്റിനു സമയമായി. വീണ്ടും വിളിച്ചപ്പോള്‍ കിട്ടി. അപ്പോഴാണ് സമാധാനമായത്.

ഷൂട്ടിങ് ഇല്ലാത്തപ്പോള്‍ എന്തുചെയ്യും?

ഇവരെല്ലാം എന്നെ കളിയാക്കാറുണ്ട്. എനിക്കൊരു രണ്ടാം ഭാര്യയുണ്ടെന്നു പറഞ്ഞ്. അവര്‍ ഉദ്ദേശിക്കുന്നത് എന്റെ സ്നൂക്കര്‍ പ്രണയമാണ്. (ബില്യാര്‍ഡ്സ് പോലെ ഒരു ഗെയിമാണ് സ്നൂക്കര്‍). ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളില്‍ ഞാന്‍ സ്നൂക്കര്‍ പാര്‍ലറിലായിരിക്കും. ഒരുതരം യോഗയാണ് എനിക്ക് ആ കളി. സ്നൂക്കര്‍ മല്‍സരങ്ങളില്‍ പങ്കെടുക്കാറുണ്ട്.

സിനിമയിലെ സുഹൃത്തുക്കള്‍ ആരൊക്കെയാണ്. അവരൊക്കെ എപ്പോഴും വിളിക്കാറുണ്ടോ?

സിനിമയില്‍ എല്ലാവരും ഒരു കുടും ബം പോലെയാണ്, എനിക്ക് എന്തെങ്കിലും പറ്റിയാല്‍ സിനമാക്കാര്‍ മുഴുവനുമുണ്ടാവും എന്നൊക്കെയായിരുന്നു എന്റെ ധാരണ. കഴിഞ്ഞമാസം മുസാഫിറില്‍ അഭിനയിക്കുമ്പോള്‍ ഫൈറ്റ് സീനില്‍ ഒരു അപകടം പറ്റി. ഞാന്‍ മരണത്തിന്റെ വക്കത്തു നിന്ന് കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്നാണു വാര്‍ത്തകള്‍ വന്നത്. എന്നിട്ടും സിനിമയില്‍ നിന്ന് ഞാന്‍ വിളിക്കുമെന്നു കരുതിയ ആരും വിളിച്ചില്ല. പക്ഷേ നേരിട്ടു പരിചയമില്ലാത്ത എത്രയോ പ്രേക്ഷകര്‍ ബ്ളോഗിലൂടെ എന്റെ അവസ്ഥ അന്വേഷിച്ചു.

ഇതെല്ലാം സിനിമയില്‍ സാധാരണമല്ലേ?

വേണമെങ്കില്‍ അങ്ങനെ കരുതാം. എന്നെ ഇതൊന്നും ബാധിക്കുന്നില്ല എന്ന മട്ടിലിരിക്കാം. പക്ഷേ, എനിക്കതു പറ്റില്ല. സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പരിഗണനയും സ്നേഹവും ആരാണ് ആഗ്രഹിക്കാത്തത്.
സിനിമയില്‍ എനിക്കേറ്റവും അടുപ്പമുള്ള നടന്‍ കൊച്ചിന്‍ കനീഫ ആയിരുന്നു. വളരെ ആത്മാര്‍ഥതയുള്ള ഒരാളായിരുന്നു ഹനീഫ. എന്റെ വിഷയങ്ങള്‍ സിനിമയില്‍ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഹനീഫയോടു മാത്രമാണ്. ഇപ്പോള്‍ മനോജ് കെ ജയനുമായി നല്ല സൌഹൃദമുണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത് മമ്മൂക്കയോടൊപ്പമാവും. പക്ഷേ, ഞാന്‍ എന്നും മമ്മൂക്കയുമായി ബഹുമാനം കലര്‍ന്ന അകലം സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോള്‍ വന്ന പയ്യന്മാരൊക്കെ മമ്മൂക്കക്കൊപ്പമിരുന്നു തമാശ പറയുന്നതു കാണാം. പക്ഷേ, ഞാന്‍ ഇപ്പോഴും അല്‍പം മാറിനില്‍ക്കുകയേയുള്ളൂ. അന്നും ഇന്നും ഞങ്ങളുടെ സംസാരവിഷയം ഇലക്ട്രോണിക് സാധനങ്ങള്‍ മാത്രമാണ്.

അന്നു മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍ എന്നായിരുന്നു പറഞ്ഞിരുന്നത്. റഹ്മാന്‍ പിറകിലേക്കു പോവാന്‍ കാരണം തമിഴില്‍ ശ്രദ്ധിച്ചതാണോ?

തമിഴിലേക്കു പോയത് ഒരു കാരണമായിരുന്നു. ഇവിടെ വലിയൊരു ഗ്യാപ്പ് വന്നു. അതിനിടയിലായിരുന്നു കല്യാണം. അതോടെ കുടുംബത്തോടു കൂടുതല്‍ അടുപ്പമായി. ഷൂട്ടിങ് ഇല്ലെങ്കിലും ഞാന്‍ സന്തോഷത്തോടെ വീട്ടിലിരുന്നു. അങ്ങനെ സിനിമയുമായുള്ള അകലം കൂടി. എന്നോടു പലരും പറഞ്ഞിട്ടുണ്ട്, നിങ്ങള്‍ സിനിമയ്ക്കു പറ്റിയ നടനാണ്.പക്ഷേ, സിനിമയ്ക്കു യോജിച്ച ആളല്ല എന്ന്. റോളിനു വേണ്ടി ആരെയെങ്കിലും വിളിക്കുകയോ, സൌഹൃദമുണ്ടാക്കുകയോ ഒന്നും ചെയ്യില്ല.

തിരിഞ്ഞുനോക്കുമ്പോള്‍ എന്തെങ്കിലും പശ്ചാത്താപമുണ്ടോ?

ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. ഞാന്‍ സന്തോഷിച്ച അത്ര എന്റെ ചെറുപ്പത്തില്‍ ഒരാളും സന്തോഷിച്ചിട്ടുണ്ടാവില്ല. ചെറിയ പ്രായത്തില്‍ നടനായി. ഒരുപാട് പണം സമ്പാദിച്ചു. എന്റെ ഫാദര്‍ അന്നു പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്, നിനക്കു വേണ്ടതു ഞങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്. അതുകൊണ്ട് നീ സന്തോഷമായി കഴിഞ്ഞാല്‍ മതി. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഒരു കാര്‍ അന്നേ ഞാന്‍ സ്വന്തമാക്കിയിരുന്നു. ഹോളിവുഡ് സിനിമയിലൊക്കെ കാണുമ്പോലെ പിന്നില്‍ ആന്റിനയൊക്കെ ഘടിപ്പിച്ച കാര്‍. ഒരിക്കല്‍ ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ എന്റെ കാറിലേക്കു നോക്കി കൌതുകത്തോടെ ഒരാള്‍ നില്‍ക്കുന്നു. കമല്‍ഹാസന്‍.

എ ആര്‍ റഹ്മാനെപ്പോലെയൊരാള്‍ ഭാര്യയുടെ സഹോദരി ഭര്‍ത്താവാണ്. ആ ബന്ധം പ്രയോജനപ്പെടുത്താന്‍ നോക്കിയിട്ടില്ലേ ഒരിക്കലും?
റഹ്മാന്‍ ബന്ധുവായത് എനിക്കു ദോഷമാണു ചെയ്തത്. പലരും വരും എന്നെ നായകനായി ഒരു കഥ പറയും. ഞാന്‍ ഓക്കെ പറയും. ആരാ സംഗീതം ചെയ്യുന്നതെന്നു ചോദിക്കും. എ ആര്‍ റഹ്മാനാണ് സാര്‍. പക്ഷേ, റഹ്മാനെക്കാണാന്‍ പോയി അവര്‍ തിരിച്ചു വരുന്നത് ആകെ ദേഷ്യപ്പെട്ടായിരിക്കും. ഞങ്ങള്‍ പറഞ്ഞിട്ടും റഹ്മാന്‍ സംഗീതം ചെയ്യാമെന്നു സമ്മതിച്ചില്ല സാര്‍, ഡബിള്‍ കാശ് കൊടുക്കാമെന്നു പറഞ്ഞു. എന്താണ് സാര്‍ താങ്കളുടെ കോബ്രദര്‍ ഇങ്ങനെ.... എന്നൊക്കെ ചോദിക്കും. അവരെയൊന്നും പിന്നെ കണ്ടിട്ടില്ല.

കുറേ വര്‍ഷം മുമ്പു വേറൊരു സൂത്രക്കാരന്‍ വന്നു കഥ പറഞ്ഞു. കഥയില്‍ രണ്ടു നായകന്‍മാരുണ്ട് സാര്‍. ഒരാള്‍ സംഗീതത്തെ സ്നേഹിക്കുന്ന റഹ്മാന്‍. മറ്റൊരാള്‍ ആക്ഷന്‍ ഹീറോയായ റഹ്മാന്‍. ഞാന്‍ സ്വപ്നം കണ്ടു, ഡബിള്‍റോളാണ്. അവസാനമല്ലേ മനസിലുള്ളത് അറിയുന്നത്. സംഗീതത്തെ സ്നേഹിക്കുന്ന റഹ്മാനായി അയാള്‍ അഭിനയിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് എ ആര്‍ റഹ്മാനെത്തന്നെയാണ്. അഭിനയിക്കുന്ന സിനിമയ്ക്ക് എന്തായാലും റഹ്മാന്‍ സംഗീതവും ചെയ്യുമല്ലോ? റഹ്മാന്‍ സമ്മതിക്കില്ലെന്ന് എനിക്കറിയാം.

ശുപാര്‍ശയുമായി വരില്ലേ പലരും?
അങ്ങനെ ഒരുപാടു പേര്‍ വിളിക്കാറുണ്ട്. ഒരു ദിവസം വീട്ടില്‍ വരുമ്പോള്‍ മെഹ്റു പറഞ്ഞു. ഭാരതിരാജ സാര്‍ വിളിച്ചു. ഞാന്‍ പ്രതീക്ഷയോടെ വിളിച്ചപ്പോള്‍ ഭാരതിരാജ ചോദിക്കുന്നു. നമ്മുടെ എ ആര്‍ റഹ്മാനെ കിട്ടുന്നില്ല. പേഴ്സണല്‍ നമ്പര്‍ ഒന്ന് സംഘടിപ്പിച്ചു തരാമോ എന്ന്.

ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ റഹ്മാന്‍ എന്റെ ഒരു സിനിമയിലാണു സംഗീതം ചെയ്തത്. സംഗമം. എനിക്കു പരാതിയില്ല. റഹ്മാന്‍ വളരെ സെലക്ടീവായും സമയമെടുത്തും സിനിമ ചെയ്യുന്ന ആളാണ്. ഒടുവില്‍ കണ്ടപ്പോള്‍ റഹ്മാന്‍ ചോദിച്ചു, റഹ്മാന് ഒരുപാടു വര്‍ഷത്തെ എക്സ്പീരിയന്‍ ഉണ്ടല്ലോ? ഒരു സിനിമ സംവിധാനം ചെയ്തു കൂടേ എന്ന്.

Read Interview from Vanitha Online -
Manorama Online | Home | Interviews |

1 comment:

  1. Nice interview... you are very innocent. forget everything.. be very good with those who are not good with you. you should be very active, keep inteacting especialy with industry people. Opportunities will approach you. Wish you all the best, we are sure you will emerge with full fledge as like in the 80's.
    your well wishers.

    ReplyDelete

Related Posts Plugin for WordPress, Blogger...