എവര്‍ ഗ്രീന്‍ റോമിയോ (Mathrubhumi Online Interview)


വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണ്. 'കൂടെവിടെ' എന്ന മലയാളചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്യാനെത്തിയതാണ് റഹ്മാന്‍ എന്ന മെലിഞ്ഞ ചെറുപ്പക്കാരന്‍. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. സിനിമയിലെ പ്രധാന കഥാപാത്രത്തിന്റെ വേഷമാണ് ആ ചെറുപ്പക്കാരനെ കാത്തിരുന്നത്. മലയാള മനസ്സിലെ യുവത്വത്തിന്റെ സങ്കല്പങ്ങളിലെ 'എവര്‍ഗ്രീന്‍ റോമിയോ' റഹ്മാന്റെ സിനിമാജീവിതത്തിന്റെ ആദ്യ റീല്‍ ഇങ്ങനെ ഓടിത്തുടങ്ങുന്നു...
'ജീവിതം ഒരു വലിയ യാത്രയാണ്. പലരെയും നമ്മള്‍ ഇതില്‍ കണ്ടെന്നിരിക്കും. പുതിയ ആള്‍ക്കാരെ കാണുമ്പോള്‍ പഴയ ചിലരെ മറന്നെന്നുവരും. ദാറ്റ്‌സ് ലൈഫ്.... 'കൂടെവിടെ'യിലെ കുസൃതിക്കാരനായ സ്‌കൂള്‍കുട്ടിയുടെ ചിരിയോടെ റഹ്മാന്‍ നമ്മളുമായി ചാറ്റ് ചെയ്യാന്‍ റെഡിയാവുന്നു. 'കേരള കഫേയി'ല്‍ ഐലന്റ് എക്‌സ്​പ്രസ്സിലെ യാത്രികന്റെ വേഷമാണ് മലയാളികള്‍ ഇപ്പോള്‍ കാണുന്ന റഹ്മാന്റെ പുതിയ മുഖം. ഹൈദരാബാദില്‍ ബാലകൃഷ്ണയോടൊപ്പമുള്ള പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയിലായിരുന്നു റഹ്മാന്‍.
മലയാളത്തിലെ ലോങ് ഗ്യാപ്
മലയാളത്തില്‍ സജീവമായിരുന്നപ്പോള്‍ തമിഴില്‍ ചില ചിത്രങ്ങള്‍ ചെയ്തു. കൂടാതെ തെലുങ്കിലും. പിന്നെ മെല്ലെ മെല്ലെ മലയാളസിനിമയില്‍ നിന്ന് അകന്നുപോയി. ചിത്രങ്ങള്‍ ഇല്ലാത്ത സമയത്ത് അവസരം ചോദിച്ച് ആരുടെ പിറകെയും പോയിട്ടില്ല. അവസരങ്ങള്‍ ചോദിച്ച് ആരുടെയും വാതിലില്‍ മുട്ടാത്തതാണ് എന്റെ വീക്ക് പോയന്റ്. അതെന്റെ കുറ്റം തന്നെയാണ്. അങ്ങനെ കരുതാനാണ് എനിക്ക് ഇഷ്ടവും.
ആരാധകരെക്കുറിച്ച്
അത് പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. ചോക്ലേറ്റ് നായകനായി തിളങ്ങിയിരുന്ന അവസരങ്ങളില്‍ ഒരുപാട് ആരാധികമാര്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ എറണാകുളം സെന്റ് തെരേസാസില്‍ ഉദ്ഘാടനത്തിന് പോയി. ഒരു പെണ്‍കുട്ടിക്ക് ഓട്ടോഗ്രാഫ് ഇട്ടുകൊടുത്തത് ഓര്‍മയുണ്ട് . പിന്നെ പിച്ചും മാന്തുമായിരുന്നു. ഷര്‍ട്ട് വലിച്ചു കീറാനും ചിലരുണ്ടായിരുന്നു. ഒരു വിധത്തിലാണ് അന്ന് രക്ഷപ്പെട്ടത്.എന്നാല്‍ ഇവരില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു ആരാധിക എനിക്കുണ്ട്. ശ്രീലങ്കക്കാരിയായ റുഷ്ദ. ശ്രീലങ്കയില്‍ ഷൂട്ടിങ്ങിനുപോയപ്പോള്‍ പരിചയപ്പെട്ടതാണ്. അവളും കുടുംബവും എന്നെ കാണാന്‍ ഞാന്‍ താമസിക്കുന്ന ഹോട്ടലില്‍ വന്നു. പിന്നീട് അവരുടെ വീട്ടില്‍ ഞാനും പോയി. റുഷ്ദയുടെ അച്ഛന്‍ അവളുടെ മുറി എന്നെ തുറന്നു കാണിച്ചു. ഞാന്‍ തന്നെയായിരുന്നു ആ മുറി മുഴുവനും. എന്റെ ചിത്രങ്ങളായിരുന്നു അവളുടെ മുറി നിറയെ. അവളുടെ സൗഹൃദത്തിന്റെ പ്രതീകമായി എന്റെ മൂത്ത മകള്‍ക്ക് അവളുടെ പേരാണ് നല്‍കിയത്. റുഷ്ദ ഇപ്പോള്‍ വിവാഹിതയായി ദുബായില്‍ കഴിയുകയാണ്. ആദ്യ കുട്ടിക്ക് അവള്‍ പേരിട്ടത് റഹ്മാന്‍ എന്നായിരുന്നു.
ഗോസിപ്പുകളെക്കുറിച്ച്
ഗോസിപ്പുകള്‍ എപ്പോഴും കൂടെയുണ്ടായിരുന്നു. പഴയ നടി രോഹിണിയുമായി ചേര്‍ത്ത് പല വാര്‍ത്തകളും പുറത്തുവന്നു. . ശോഭനയുമായി ചേര്‍ത്തും ഗോസിപ്പുകള്‍ ഉണ്ടായി. ഞാന്‍ എല്ലാവരുമായി വളരെ ഫ്രീയായിട്ടാണ് ഇടപെട്ടിരുന്നത്. അതാവാം മാധ്യമങ്ങള്‍ ഗോസിപ്പുണ്ടാക്കാന്‍ കാരണം.
അബുദാബിയിലും ഊട്ടിയിലുമെല്ലാമാണ് ഞാന്‍പഠിച്ചത്. ആണും പെണ്ണും തമ്മില്‍ നല്ല ഫ്രണ്ട്ഷിപ്പ് ആയിരുന്നു ഇവിടെയെല്ലാം. അതുപോലെ ഫ്രീയായിട്ടായിരുന്നു പലരോടും ഞാന്‍ സംസാരിച്ചിരുന്നത്. അന്ന് 'യൂത്താ'യി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ഞാനായിരുന്നു. അതൊക്കെയായിരിക്കാം കാരണം.
എന്നാല്‍ ഇന്നത്തെ യൂത്ത് കുറേക്കൂടി സ്വതന്ത്രരാണ്. ഇപ്പോഴത്തെ യൂത്ത് വളരെ ഓപ്പണായാണ് കാര്യങ്ങളെ സമീപിക്കുന്നത്. പെണ്‍കുട്ടികളുമായുള്ള സൗഹൃദവും അങ്ങിനെ തന്നെ.
എബൗട്ട് ലവ്
പ്രേമം എനിക്കുമുണ്ടായിരുന്നു. മലയാള സിനിമയില്‍ അന്നുണ്ടായിരുന്ന ഒരു നടിയുമായി. ശരിക്കും നല്ല പ്രേമം. എന്നാല്‍ പിന്നീട് അവളുടെ കരിയര്‍ ഗ്രാഫ് മെല്ലെ ഉയര്‍ന്നതോടെ പ്രേമത്തില്‍ 'വിള്ളല്‍' വീണു. കൂടാതെ ഞങ്ങളെ തമ്മില്‍ അകറ്റാന്‍ ചില 'സൂപ്പര്‍' പാരകളും ഉണ്ടായി. ഒടുവില്‍ ആ ബന്ധം ഇല്ലാതായി. അന്ന് ഒരുപാടു നിരാശതോന്നിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ അത്മാറി. മെഹ്‌റുന്നീസയെ പോലൊരു കുട്ടിയെ ജീവിത സഖിയായി ലഭിച്ചത് എന്റെ ഭാഗ്യമാണ്. ഇവളെ സ്വന്തമാക്കിയപ്പോള്‍ പ്രണയനഷ്ടം നന്നായെന്നു തോന്നുന്നു.
വാഹനങ്ങള്‍
ഹാര്‍ഡ്‌ലി ഡേവിസന്റെ 'വീറോഡ് ' പക്ഷേ ഒരു കുഴപ്പമുണ്ട്. വിലകൂടിയ ബൈക്കാണിത്. ഇത് ഇന്ത്യയില്‍ കൊണ്ടു വരണമെങ്കില്‍ ഞാന്‍ ഒരു 20സിനിമയില്‍ എങ്കിലും അഭിനയിക്കേണ്ടി വരും.
പണ്ട് സിനിമകളില്‍ അഭിനയിക്കുമ്പോള്‍ യമഹ ആര്‍ഡി-750 സി.സി.യായിരുന്നു എന്റെ ഇഷ്ടബൈക്ക്. സ്വിച്ച് സ്റ്റാര്‍ട്ടുള്ള ഈ വണ്ടിയിലായിരുന്നു ഞാന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയിരുന്നത്. കൊച്ചിയിലാണ് അധികവും വിലസിയിരുന്നത്. ഒരുപാട് 'ബൈക്ക് ഫ്രണ്ട്‌സ്' ഇവിടെയുണ്ടായിരുന്നു.
കൊച്ചിയിലെത്തുമ്പോള്‍ ബൈക്കിന്റെയും എന്റെയൊപ്പവും നിന്ന് ഫോട്ടോയും എടുത്തിരുന്നു. അതു പോലെ 'കഥഇതുവരെ' എന്ന ചിത്രത്തില്‍ ഞാന്‍ ഉപയോഗിച്ച ബൈക്കിന് പിന്നില്‍ വ്യത്യസ്തതയ്ക്കായി വലിയ ആന്റിന ഫിറ്റ് ചെയ്തിരുന്നു. അതൊക്കെ അന്ന് ഹിറ്റായിരുന്നു.
കാറുകളില്‍ ബി.എം. ഡബ്ല്യു.വിനോട് ഒരു പ്രത്യേക താത്പര്യമുണ്ട്.
പാട്ട്
മൂഡിനനുസരിച്ച് ഏത്പാട്ടും കേള്‍ക്കും. കാറില്‍ യാത്ര ചെയ്യുമ്പോഴാണ് കൂടുതലും പാട്ട് കേള്‍ക്കുന്നത്. 'ഫനാ' എന്ന ഹിന്ദിചിത്രത്തിലെ 'ചാന്ദ്‌നിഫാരിഷ്... എന്ന ഗാനമാണ് ഈയിടെ വല്ലാതെ ഹോണ്ട് ചെയ്ത ഗാനം. ഇത് ഇടയ്ക്കിടെ കേള്‍ക്കാറുണ്ട്.
ഔട്ട്ഫിറ്റ്
ജീന്‍സ് തന്നെയാണ് ഫേവറിറ്റ്. സംശയമില്ല. ടീ-ഷര്‍ട്ടോ, ഷര്‍ട്ടോ അതിനൊപ്പമാവാം. ബ്ലൂ ജീന്‍സാണ് കൂടുതല്‍ ഇഷ്ടം. ബ്ലാക്ക് കളര്‍ ഷര്‍ട്ട് ഇടാറുണ്ട്. ആ നിറമുള്ള വസ്ത്രം അണിയുമ്പോള്‍ വല്ലാത്ത ആത്മവിശ്വാസം തോന്നും.
യൂത്ത്
അന്നത്തെ യൂത്തിനേക്കാള്‍ ഇപ്പോഴുള്ളവര്‍ക്ക് കൂടുതല്‍ എക്‌സ്‌പോഷര്‍ ലഭിക്കുന്നുണ്ട്. കൂടുതല്‍ കോംപിറ്റേറ്റീവ് ആണ് ഇപ്പോഴത്തെ യൂത്ത്. പണ്ടത്തെക്കാലത്ത് സിനിമയില്‍ എന്തെങ്കിലുമൊക്കെ കാണിച്ചാല്‍ മതി. അന്ന് എന്ത് കാണിച്ചാലും പുതുമയായിരുന്നു. ഇപ്പോള്‍ അത് പറ്റില്ല.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ് സിനിമകളെല്ലാം യൂത്ത് സ്ഥിരമായി കാണാറുണ്ട്. അവരെ പറ്റിക്കാന്‍ കഴിയില്ല. യൂത്ത് 'ഇന്റര്‍നാഷണലി' അവെയറാണ് ഇപ്പോള്‍.

Original Link : http://frames.mathrubhumi.com/story.php?id=64046

No comments:

Post a Comment

Related Posts Plugin for WordPress, Blogger...